---
title: " കൂത്ത്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർക്കും,  പൊലീസിനും നേരെ അക്രമം ; 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Violence against the Congress workers who were protesting in Koothparam and the police who came to maintain law and order; Case against 50 CPM workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194396/Violence against the Congress workers who were protesting in Koothparam and the police who came to maintain law and order; Case against 50 CPM workers"
published_at: "2024-03-25T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601a9f552018_images_(6).jpeg"
keywords: []
---

#  കൂത്ത്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർക്കും,  പൊലീസിനും നേരെ അക്രമം ; 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:**  കുത്തുപറമ്പ കണ്ടംകുന്ന് പതിനൊന്നാംമൈലിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു.

## Article Content

 കുത്തുപറമ്പ കണ്ടംകുന്ന് പതിനൊന്നാംമൈലിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു.

അക്രമം തടയാൻ ശ്രമിച്ച പോലീസിന് നേരെയും കയ്യേറ്റമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം പ്രവർത്തകനെ കുത്തുപറമ്പ സി.ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു‌. പതിനൊന്നാം മൈലിലെ നിവാസ് (36)നെയാണ് അറസ്റ്റ് ചെയ്‌തത്‌. വൈകിട്ട് 6.50 ഓടെയായിരുന്നു അക്രമം. കോൺഗ്രസിന്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചതിനെതിരെ പ്രതിഷേധപ്രകടനം നടത്തുകയായിരുന്നവരെ യാണ് ഒരു സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്.

കൈതേരി വട്ടപ്പാറയിലെ വെള്ളുവക്കണ്ടി വിനോദൻ(62) ഉൾപ്പെടെയുള്ള കോൺഗ്രസുകാർക്ക് പരിക്കേറ്റു. അമ്പതോളം സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി മർദിക്കുകയും കൈയിലെ കൊടി പിടിച്ചെടുത്ത് കീറി നശിപ്പിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നൽകിയ പരാതി. അതേസമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്തുപറമ്പ എസ്.ഐ. പി. പ്രശോഭിനെ വാഹനത്തിൽ നിന്ന് ഇറങ്ങാനനുവദിക്കാതെ തടഞ്ഞുവെച്ചതായും പരാതിയുണ്ട്.

യൂണിഫോമിൽ പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നതിന് നാല് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

വെള്ളുവക്കണ്ടി വിനോദന്റെ പരാതിയിൽ അമ്പതോളം സി.പി.എമ്മു കാർക്കെതിരെ വേറെയും കേസുണ്ട്. രണ്ട് കേസുകളിലും നിവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194396/Violence against the Congress workers who were protesting in Koothparam and the police who came to maintain law and order; Case against 50 CPM workers)